പെസഹാ വ്യാഴം ക്രിസ്തു ശിഷ്യന്മാരോടൊപ്പം പെസഹാ ആഘോഷിച്ച്, അവരുടെ പാദങ്ങൾ കഴുകി, പരസ്പരം സ്നേഹിക്കാനുള്ള കൽപ്പന നൽകിയ ദിവസത്തിന്റെ അനുസ്മരണം.
(orthodox times, 2021)Photo Courtesy
സഭയെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ പെസഹാ അനുഷ്ടാനത്തെ (അന്ത്യ അത്താഴം) വിശുദ്ധ കുർബാനയുടെ സ്ഥാപനമായി കാണുന്നു, ക്രിസ്തു വാഴ്ത്തിയ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി രൂപാന്തരം പ്രാപിക്കുന്നു . ഈ കൂദാശ അപ്പോസ്തലന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായി വിശ്വസിക്കുന്നു.
(orthodox times, 2021)Photo Courtesy
സഭയുടെ ഏഴ് കൂദാശകളിൽ ഒന്നായ വി.കുർബ്ബാനയെ കൂദാശയുടെ രാജ്ഞിയായി കണക്കാക്കപ്പെടുന്നു.
പെസഹാ ദിവസം ഓർത്തഡോക്സ് സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ദിവസമാണ്, കാരണം ഇന്നേ ദിവസം അവസാനത്തെ അത്താഴത്തെയും വിശുദ്ധ കുർബാനയുടെ സ്ഥാപനത്തെയും അനുസ്മരിക്കുന്നു.ക്രിസ്തുവിന്റെ എളിമയുടെയും സേവനത്തിന്റെയും പ്രതീകമായി മേല്പട്ടക്കാരൻ പന്ത്രണ്ട് ശുസ്രൂഷകരുടെ പാദങ്ങൾ കഴുകുന്നതിലൂടെ കാൽ കഴുകലിൻറെ സ്മരണ പുനരാവിഷ്കരിക്കപ്പെടുന്നു.ഉപവാസം, പ്രാർത്ഥന, വിശുദ്ധ കുർബാന, കാൽ കഴുകൽ എന്നിവയിലൂടെ വിശ്വാസികൾ ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും പഠിപ്പിക്കലുകളുടെ മർമ്മങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നു.
അന്നുവരെ ശിഷ്യന്മാരിൽ ഉണ്ടായിരുന്ന ഒരു തർക്കത്തിനു മറുപടികൂടി ആയിരിക്കാം പെസഹാ അനുഷ്ഠിക്കുന്നതിനു മുൻപ് യേശു തൻ്റെ ശിഷ്യന്മാരുടെ കാൽ കഴുകളിലൂടെ ചെയ്തത് കാരണം തങ്ങളിൽ ആരാണ് വലിയവൻ എന്നൊരു തർക്കം അവരിൽ നില നിന്നിരുന്നു. ഇതിനുള്ള മറുപടി പല സ്ഥലങ്ങളിലും അദ്ദേഹം തൻ്റെ പ്രഘോഷങ്ങളിലൂടെ അവർക്കു നല്കിയിരുന്നതുമാണ് ഇതിനു ആധാരമായ ചില അവലംബങ്ങൾ ചുവടെ ചേർക്കുന്നു.
Mark 10:42-45
യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
Matthew 20:25-28
യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
Luke 22:24-27
തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
അവനോ അവരോടു പറഞ്ഞതു: “ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
John 13:12-15
അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ? . നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു
മറ്റുള്ളവരുടെ മേൽ ഒരാളുടെ അധികാരം ഊട്ടിയുറപ്പിക്കുന്നതിലല്ല മറിച്ച് താഴ്മയോടെയും സ്നേഹത്തോടെയും അവരെ സേവിക്കുന്നതിലാണ് യഥാർത്ഥ മഹത്വം ഉള്ളതെന്ന് ഈ ഭാഗങ്ങൾ വിളിച്ചറിയിക്കുന്നു.
അവസാന അത്താഴ വേളയിൽ, യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി, തന്റെ വിനയവും ശുശ്രൂഷകത്വവും പ്രകടമാക്കി. യേശു ഒരു ഗുരു സ്ഥാനീയനായിരുന്നിട്ടും ഒരു ദാസന്റെ പരിവേഷം തിരഞ്ഞെടുത്തു,
തന്റെ ആ പ്രവൃത്തിയിലൂടെ, യേശു തന്റെ ശിഷ്യന്മാരോടുള്ള സ്നേഹവും കരുതലും കാണിക്കുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ശുശ്രൂഷയിലുടനീളം താൻ പ്രസംഗിച്ച സേവക മൂല്യങ്ങൾ ഉദാഹരിക്കുകയും ചെയ്തു. എന്റെ ഓർമ്മക്കായി ഇത് ചെയ്വിൻ എന്നു യേശു പറഞ്ഞത് വി.കുർബ്ബാനയെ കുറിച്ച് മാത്രമാണെന്നാണ് പലരുടെയും ധാരണ എന്നാൽ അതിനു മുൻപായി അദ്ദേഹം പഠിപ്പിച്ച ശുസ്രൂഷക പാടവത്തിനും തുല്യ പ്രാധാന്യം നൽകേണ്ടതാകുന്നു.യേശു താൻ ലോകത്തിനു മാതൃകയായതുപോലെ അദ്ദേഹത്തിന്റെ അനുയായികളായ നാമും അതുതന്നെ ചെയ്യണം
യഥാർത്ഥ മഹത്വം വെളിവാക്കുന്നത് ഒരാളുടെ നിലയോ അധികാരമോ കൊണ്ടല്ല, മറിച്ച് മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതിലൂടെയാണ് എന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് യേശു തൻറെ ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നതിലൂടെ വെളിവാക്കിയത്. യേശുവിന്റെ സേവന പ്രവർത്തനങ്ങൾ വിശേഷാൽ യജമാനനിൽ നിന്ന് ദാസനിലേക്കുള്ള പരിവർത്തനത്തനം , ഇന്നും ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു മാതൃക എന്നു പറയാം. എന്നിരുന്നാലും ഈ കാൽകഴുകൽ പലപ്പോഴും ഒരു പ്രതീകാത്മകമായി മാത്രം അവശേഷിക്കുന്നില്ലേ ? എന്നൊരു സംശയം നമ്മിൽ അധികം പേരുടെയും മനസ്സിൽ നിലനിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.ദൗർഭാഗ്യവശാൽ, ഇന്ന് ക്രിസ്ത്യൻ സഭകളിലെ ബഹുവിഭാഗം നേതാക്കളും മുകളിൽ സൂചിപ്പിച്ച ക്രിസ്തുവിന്റെ സന്ദേശത്തിൽ നിന്ന് വ്യതിചലിച്ചു സഭയെയും സമൂഹത്തെയും സേവിക്കുന്നതിനെക്കാൾ സ്വന്തം അധികാരത്തിലും പദവിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നു പറയാതിരിക്കുവാൻ വയ്യ ഇത് സഭയ്ക്കുള്ളിൽ ഭിന്നതയ്ക്കും വിശ്വാസികൾക്കിടയിൽ വിശ്വാസം നഷ്ടപ്പെടുന്നതിനും ഇടയാക്കിയിട്ടില്ലെ?
പെസഹാ ദിനത്തിൽ യേശു സ്ഥാപിച്ച വി.കുർബ്ബാന കേരളത്തിലെ അപ്പോസ്തോലിക സഭകളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്, യേശുവിന്റെ ത്യാഗത്തിന്റെ പ്രതീകവും സാമുദായിക ആരാധനയുടെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലുമാണതു .അതോടൊപ്പം അന്ത്യ അത്താഴ വേളയിൽ യേശു പഠിപ്പിച്ച മറ്റുള്ളവരുടെ ശുശ്രൂഷകനായിരിക്കുക എന്ന ആശയം സ്മരിക്കുക മാത്രമല്ല അത് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് കൂടിയാണന്നുള്ള ബോധം ഓരോ ക്രിസ്ത്യാനിയുടെയും ഉള്ളിൽ ഉദിക്കേണ്ടതിന്റെ പ്രധാന്യവും ഓരോ പെസഹാ ശുസ്രൂഷകളും വിളിച്ചോതുന്നു.
എന്നിരുന്നാലും, സേവകനേതൃത്വത്തിന്റെ സന്ദേശത്തിൽ ജീവിച്ച/ ജീവിക്കുന്ന അനവധി സഭാപിതാക്കന്മാർ കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ഉണ്ട്. അവർ ജാതിമതഭേദ്യമെന്യേ സമൂഹത്തെ സേവിച്ചു തങ്ങളുടെ ജീവിതംകൊണ്ടു യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതിനുമായി അക്ഷീണം പ്രയത്നിച്ചവർ/പ്രയത്നിക്കുന്നവരാണ് അത്തരത്തിലുള്ള പിതാക്കന്മാർ സഭയിലെ മറ്റുള്ളവർക്ക് പിന്തുടരാൻ പറ്റിയ ഉജ്ജ്വലമായ മാതൃകകളാണ്, തലമുറകൾ അത്തരം പ്രതിഭകളെ അനുസ്മരിക്കും .അത്തരത്തിലുള്ള ഒരു ജീവിതം നയിച്ച് ഇന്നും ജനഹൃദയങ്ങളിൽ ചിരഞ്ജീവിയായിരിക്കുന്ന വന്ദ്യ പിതാവാണ് മലങ്കര ഓർത്തഡോക്സ് സഭ ഇന്നേ ദിവസം(05.04.) ഓർമ്മകൊണ്ടാടുന്ന മഹാ താപസനായ പാമ്പാടി തിരുമേനി.( L.L.Kuriakose Mar Gregorios) വളരെ സാധാരണക്കാരനായി ജീവിച്ചു ദൈവികവൽക്കരണത്തിലേക്ക് വളർന്ന് ആത്മീയ പരിപൂർണ്ണത കൈവരിക്കുന്ന ചുരുക്കം ചില വ്യക്തിത്വങ്ങൾക്ക് ഉദാഹരണമാണ് തിരുമേനി.
അന്ത്യ അത്താഴ വേളയിൽ യേശു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകി യജമാനൻ ആകുന്നതിലൂടെയല്ല സേവകൻ ആകുന്നതിലൂടെയാണ് യഥാർഥ സ്നേഹം ( സുവിശേഷം)ലോകത്തിനു വെളിപ്പെടുത്താൻ കഴിയുന്നത് എന്നു പഠിപ്പിക്കുന്ന സംഭവം എക്കാലത്തെയും ക്രിസ്തീയ സമൂഹം പാലിക്കേണ്ട ഒന്നാണ് . നമ്മുടെ സഭാ നേതൃത്വം ഈ തത്വത്തിന്റെ ഉദാഹരണങ്ങളാകണമെന്നും ഓരോ പെസഹാ ദിനങ്ങളും വിശുദ്ധ കുർബ്ബാനയും ഓർമ്മിപ്പിക്കുന്നു. യേശു സ്ഥാപിച്ച സേവക നേതൃത്വത്തിന്റെ മാതൃക പിന്തുടരുന്നതിലൂടെ, നമ്മുടെ വിശ്വാസത്തിന്റെ മൂല്യങ്ങൾ യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്ന കൂടുതൽ ശക്തമായ പരസ്പര വൈര്യങ്ങൾ മറന്നു ഒരു ഏകീകൃത സഭ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും.
© A.Varghese Paravelil
Comment(1)
Liju says
April 5, 2023 at 6:12 pmNice thought